വ്യാഴാഴ്‌ച, ജൂൺ 24, 2010

പൊരുത്തം

അന്നൊരു കൂട്ടര്‍ വരുമെന്നവളുടെ
കാതില്‍ ആരോ മന്ത്രിച്ചു
വീണ്ടും ആശ തന്‍ ചിറക് മുളച്ച് -
സ്വപ്നത്തില്‍ വിഹരിച്ചു

പൂട്ടിയ പെട്ടികള്‍ തുറന്ന് വീണ്ടും
ചേലകള്‍ പലത് തിരഞ്ഞു
മുല്ലപ്പൂവിന്‍ മാലകള്‍ കോര്‍ത്തു
മുടിയില്‍ അഴക് വിടര്‍ന്നു

കുഞ്ഞിപ്പടയുടെ കളിചിരിയവളെ -
നാണം കൊണ്ട് പൊതിഞ്ഞു
അവരുടെ മുന്പില്‍ അതിലും ചെറിയൊരു
കുഞ്ഞായി രൂപം കൊണ്ടു

ചുവന്ന ചേലയും കൈയ്യില്‍ വളകളും -
പാദസ്സരവുമണിഞ്ഞു
നെറ്റിയില്‍ ചന്ദനച്ചാര്‍ത്തും ചെറിയൊരു
കറുത്ത പൊട്ടും കുത്തി

പടിപ്പുരയിലെ കാല്‍പ്പെരുമാറ്റം
കര്‍ണ്ണടപുടങ്ങളെ തഴുകി
ജനലഴികളിലൂടാ കൂട്ടത്തില്‍ നി-
ന്നവളാ രൂപം കണ്ടു




കൈകളില്‍ വന്ന ചായകോപ്പ -
കളേന്തി പൂമുഖത്തെത്തി
പതിവുപോലവരില്‍ നിന്ന് ചിലരുടെ
ചോദ്യശ്ശരങ്ങളുമെത്തി

പലതിനും മറുപടി പറഞ്ഞും പിന്നെ -
ചിലതിന് മൗനവും നല്‍കി
എങ്കിലും ഇടക്കണ്ണിട്ടാ പുഞ്ചിരി
മൊത്തവും ഏറ്റ് വാങ്ങി

ഗൃഹനില കാണാന്‍ തമ്മില്‍ ചേര്‍ക്കാന്‍
ആഗതര്‍ വെന്പല്‍ കൂട്ടി
എല്ലാ കണ്ണും ജ്യോത്സ്യരില്‍ ഉടക്കി
അക്ഷമരായി നിന്നു

"പൊരുത്തമില്ല" ജ്യോത്സ്യരോതി
വന്നവരങ്ങ് മടങ്ങി
ചുറ്റിയ ചേലകള്‍ അഴിഞ്ഞ് വീണ്ടും
പെട്ടികള്‍ക്കുള്ളിലൊളിച്ചു

ചോദ്യോത്തരം

ആ കണ്ണുകളില്‍ കാര്‍മേഘങ്ങള്‍ഇരുണ്ട് വന്നതു ഞാന്‍ കണ്ടു
ഇനിയെപ്പോളത് ഉരുകി കണ്ണീര്‍-മഴയാകും എന്നാരറിഞ്ഞു?
ഉച്ചയ്‍ക്കൂണു കഴിക്കുന്നേരംകൂട്ടര് മാറിയിരുന്നവനെ
ഒറ്റയ്‍ക്കാക്കും ചാക്കരിച്ചോറിന്‍ഗന്ധം അവന്റെ പ്രിയ മിത്രം
വര്‍ണ്ണക്കുടകള്‍ ചൂടിയും നല്ലചേലില്‍ കൂട്ടുകാരെത്തുന്പോള്
‍പാവം അമ്മ തുന്നിക്കൊടുത്തചേലയാണവന് അഭിമാനം
റാങ്കുകള്‍ നേടാന്‍ ഇരുപ്പുറപ്പിക്കാന്‍രാത്രികള്‍ പകലുകളാകുന്പോള്
‍അന്നത്തേയ്‍ക്കുള്ളപ്പം തേടിസന്ധ്യകളില്‍ അവനലയുന്നു
ആ കണ്ണുകളില്‍ കാര്‍മേഘങ്ങള്‍ഇരുണ്ട് വന്നതു ഞാന്‍ കണ്ടു
ഇനിയെപ്പോളത് ഉരുകി കണ്ണീര്‍-മഴയാകും എന്നാരറിഞ്ഞു?
അവനെവിടുണ്ടെന്നാരും എന്നോ-ടിപ്പോള്‍ ചോദിച്ചീടേണ്ടാ
അതിനുത്തരം ഒന്ന് തിരഞ്ഞാല്‍ചുറ്റിലും നിങ്ങള്‍ കണ്ടീടും!

ലോകപരിസ്ഥിതി ദിനം

പരിസ്ഥിതി ബോധവല്‍കരണം ത്വരിതപ്പെടുത്തുകയും രാഷ്ട്രീയ, സാമൂഹിക ശ്രദ്ധ ഈ വിഷയത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുവാന്‍ ലോക പരിസ്ഥിതിദിനാഘോഷങ്ങള്‍ക്ക് കഴിയുന്നു. എല്ലാ വര്‍ഷവും ജൂണ്‍ ൫ നാണ് യു എന്‍ പരിസ്ഥിതി പരിപാടി (UNEP) നേതൃത്വത്തം നല്‌കി ലോകപരിസ്ഥിതി ദിനം(WED,World Environment Day) ആചരിക്കുന്നത്. പല വംശം, ഒരു ഗ്രഹം, ഒരു ഭാവി (Many Species.One Planet. One Future) ൨൦൧൦ ലോക പരിസ്ഥിതി ദിനത്തിന്റെ ആപ്‍തവാക്ക്യം ഇതാണ്. അവിശ്വസ്നീയമായ ഭൂമിയിലെ ജൈവ വൈവിധ്യത്തില്‍ അധിഷ്‍ടിതമാണ് ഈ വര്‍ഷത്തിലെ ആഘോഷങ്ങള്‍. ൨൦൧൦ അന്താരഷ്‍ട്ര ജൈവ വൈവിധ്യ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ ചിന്താവിഷയം തിരഞ്ഞെടുക്കാന്‍ കാരണമായത്.

൧൯൭൨ ലെ ഐക്യരാഷ്‍ട്ര പരിസ്ഥിതി സമ്മേളനം ജൂണ്‍ ൫ മുതല്‍ ൧൬ വരെ നടക്കുകയും പൊതുസഭ അതിന് അംഗീകാരം നല്‌കുകയും ചെയ്‍തു. അന്നുമുതലാണ് ജൂണ്‍ ൫, പരിസ്ഥിതി ദിനമായി ആചരിക്കുവാന്‍ തുടങ്ങിയത്. എല്ലാ വര്‍ഷവും പരിസ്ഥിതിയെ മുന്‍ നിര്‍ത്തിയുള്ള ചിന്താവിഷയങ്ങള്‍ തിരഞ്ഞടുത്ത് ലോകത്തിലെ ഏതെങ്കിലുമൊരു നഗരം വേദിയാക്കി പരിസ്ഥിതി ദിനം ആഘോഷിക്കാറാണ് പതിവ്. ഈ വര്‍ഷം വടക്കെ അമേരിക്കന്‍ നഗരമായ പിറ്റ്സ്ബര്‍ഗ്ഗാണ് ഈ വിശേഷദിനത്തിന് ആതിഥ്യം വഹിക്കുന്നത്. ഈ അവസരത്തില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ UNEP നടത്തിക്കഴിഞ്ഞു.

ഭൂമിയിന്മേലുള്ള മനുഷ്യന്റെ നിരന്തരമായ സമ്മര്‍ദ്ദം മൂലം ജൈവ വൈവിധ്യ സന്പത്തിന് സാരമായ ക്ഷതമാണ് ഏല്‍ക്കേണ്ടി വരുന്നതെന്ന് അവശ്യവിഭവ നിര്‍വ്വഹണ അന്താരാഷ്ട്ര പാനല്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. രണ്ട് പ്രധാന മേഘലകളിലുള്ള പുന:ര്‍ ചിന്തനം ഈ ഭീകരതിയില്‍ നിന്നും കരകയറാന്‍ സഹായിക്കുമെന്ന് ഇതില്‍ പ്രതിപാദിക്കുന്നു - ഊര്‍ജ്ജവും കൃഷിയുമാണ് ഈ രണ്ട് മേഘലകള്‍. വരും കാലങ്ങളിലെ ആഹാര രീതികളും, ഭവന താപ-ശീത സംവിധാനങ്ങളും, മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്ന രീതിയിലുണ്ടാകുന്ന മാതൃകപരമായ വ്യതിയാനങ്ങള്‍ ലക്ഷ്യ പ്രാപ്‍തിയിലെത്താന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. മാംസാഹാര ശീലത്തില്‍ നിന്നും സസ്യാഹാരത്തിലേക്ക് തിരിയുവാന്‍ ആഹ്വാനം ചെയ്യുന്ന റിപ്പോര്‍ട്ട്, ഇതു മൂലം പരിസ്‍ഥിതിയ്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന സമ്മര്‍ദ്ദത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും സൂചിപ്പിക്കുന്നു. സസ്യാഹാരം നിത്യശീലമാക്കുന്പോള്‍ കാര്‍ഷിക മേഘലയെ അത് സ്വാഭാവികമായും സഹായിക്കുകയും ഇപ്പോള്‍ അനുഭവപ്പെടുന്ന ’മരുഭൂമിവത്‍ക്കരണം’ പതിയെ മായ്‍ക്കപ്പെടുകയും ചെയ്യും. അതുപോലെ ഊര്‍ജ്ജ നഷ്‍ടം പരമാവധി ഇല്ലാത്ത രീതിയുലുള്ള വളരെ കാര്യക്ഷമമായ റൂം ഹീറ്ററുകളും ഏയര്‍ കണ്ടീഷനുകളും ഉത്പാദിക്കുവാനും അത്തരം ഉത്‍പന്നങ്ങള്‍ മാത്രം ഉപയോഗിക്കുവാനും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. "ആധുനിക ജീവിതശൈലി വച്ച് പുലര്‍ത്തുന്ന ലോകം, പക്ഷെ മറുവശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വിപത്ത് തിരിച്ചറിയുന്നില്ല. നമ്മള്‍ റോം നഗരം കത്തുന്പോള്‍ വീണ വായിച്ചുകൊണ്ടേയിരിക്കുകയാണ്" - എന്ന് അന്താരാഷ്ട്ര പാനലിന്റെ ഉപാധ്യക്ഷനും വേള്‍ഡ് കണ്‍സര്‍വേഷണ്‍ യൂണിയന്‍ പ്രസിഡന്റുമായ അശോക് ഖോസ്‍ലാ പറയുന്നു.

നാം അനുവര്‍ത്തിച്ച് വരുന്ന ആധുനികമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീവിത രീതിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. പരിസ്ഥിതി നമ്മുടെ നിലനില്‌പ്പിന്റെ അടിസ്ഥാനമാണെന്ന തിരിച്ചറിവ് മനസ്സിലാക്കാന്‍ ഇനി നാം വൈകിക്കൂടാ. നമ്മുടെ ചുറ്റ്പാടിനോടുള്ള നമ്മുടെ പ്രതിബദ്ധത അനുവര്‍ത്തിക്കാന്‍ ഇനി കാത്തിരിക്കേണ്ടതില്ല. ഒത്തൊരുമിച്ച് ഈ പരിസ്ഥിതി ദിനത്തില്‍ "കഥയുടെ സുല്‍ത്താന്‍" പറഞ്ഞതുപോലെ ’ഭൂമിയുടെ അവകാശികളെ’ സംരക്ഷിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാം. കഴിയുമെങ്കില്‍ ജൂണ്‍ ൫ ന് ഒരു വൃക്ഷത്തെയെങ്കിലും വീട്ടു വളപ്പില്‍ നടുവാന്‍ ശ്രമിക്കാം. സസ്യഭക്ഷണത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും വിധത്തില്‍ പ്രവര്‍ത്തിക്കാം. വരും തലമുറയ്‍ക്കായി വിഭവസന്പത്ത് സ്വരുക്കൂട്ടുവാന്‍ നമ്മാലാവത് ചെയ്‍തു തുടങ്ങാം. ഭൂമിയുടെ ജൈവവൈവിധ്യം കാത്ത് സംരക്ഷിക്കപ്പെടട്ടെ!!

ഇറോം എന്ന ചോദ്യം(?)

നിറയുതിരും കുഴലുകള്‍ക്ക് അവര്‍ വെറും ഇരകളല്ലൊ
നിലം പതിച്ച് ജീവന്നായി കേഴുന്നവര്‍ തോക്കിനഭിമാനമല്ലൊ
’പ്രത്യേകാധികാരം’ സൈനികര്‍ക്ക് ചൂതാട്ടമാകുന്പോള്‍
നുരഞ്ഞ് പൊന്തുന്ന ലഹരിയിലവരാടി തിമിര്‍ക്കുന്പോള്‍
ഭാരതാംബേ! നിന്‍ സുതരിവിടെ സുരക്ഷിതരാണോ?

ഇറോമിന്റെ കാതുകളില്‍ മുഴങ്ങിയ സോദരരുടെ
ആര്‍ത്തനാദങ്ങള്‍, രക്തച്ചാലുകള്‍ കണ്ട്
വിറങ്ങലിച്ചുപോയ മന:സാക്ഷിയുടെ തണലില്‍
എരിഞ്ഞമര്‍ന്ന ചിതയുടെ ചൂടും അഗ്‍നിനാളത്തിന്‍ താണ്ഡവവും

എല്ലാം മറന്ന് തീന്‍ മേശയ്‍ക്ക് മുന്പില്‍ പൊരിച്ചൊരുക്കിയ
പദാര്‍ത്ഥങ്ങളെ തന്റെ വിശപ്പകറ്റാനനുവദിക്കാതെ ഇന്ന്
പത്ത് കൊല്ലം പിന്നിടുന്നു,ഭരണകൂടത്തിന്‍ കണ്ണുതുറപ്പിക്കാന്‍ -
നിരാഹാരം വൃതമാക്കിയവള്‍ ഇറോം! അവളുടെ മൗനം തോല്‍വിയല്ല

അവളുടെ ക്ഷീണം നമുക്ക് നേരെയൊരു ചൂണ്ട് വിരലാണ്
ആ കണ്ണുകളിലേത് നിസ്സംഗതയോ? അതോ നമ്മോടുള്ള
അവളുടെ സഹതാപമോ? അറിയില്ലൊന്നും അറിയില്ല
എന്ന് നടിക്കാനാണ് നമുക്കിഷ്‍ടം, അതാണ് സുഖം

നീതി നടപ്പാക്കപ്പെടട്ടെ, അതിന്റെ കാവലാളുകള്‍
പ്രോത്‍സാഹിക്കപ്പെടട്ടെ, പക്ഷെ - ഈ സോദരരുടെ
ബലഹീനതയെ ചൂഷണം ചെയ്യാതെ, അവര്‍ക്ക് വേലി തീര്‍ക്കാന്‍
അവരില്‍ നിന്നും ’രാഖി’ബന്ധനം സ്വീകരിക്കാന്‍

ഒരു നല്ല മകനും നല്ലൊരു കാന്തനും പോലെ നല്ലൊരു
സോദരനാകാനും പഠിക്കയല്ലേ വേണ്ടത്?
നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നവര്‍ പ്രാര്‍ഥിക്കുന്നവര്‍
അതാണ് ആഗ്രഹിക്കുന്നത്, അതിനാണ് കാത്തിരിക്കുന്നത്.