വ്യാഴാഴ്‌ച, ജൂൺ 24, 2010

പൊരുത്തം

അന്നൊരു കൂട്ടര്‍ വരുമെന്നവളുടെ
കാതില്‍ ആരോ മന്ത്രിച്ചു
വീണ്ടും ആശ തന്‍ ചിറക് മുളച്ച് -
സ്വപ്നത്തില്‍ വിഹരിച്ചു

പൂട്ടിയ പെട്ടികള്‍ തുറന്ന് വീണ്ടും
ചേലകള്‍ പലത് തിരഞ്ഞു
മുല്ലപ്പൂവിന്‍ മാലകള്‍ കോര്‍ത്തു
മുടിയില്‍ അഴക് വിടര്‍ന്നു

കുഞ്ഞിപ്പടയുടെ കളിചിരിയവളെ -
നാണം കൊണ്ട് പൊതിഞ്ഞു
അവരുടെ മുന്പില്‍ അതിലും ചെറിയൊരു
കുഞ്ഞായി രൂപം കൊണ്ടു

ചുവന്ന ചേലയും കൈയ്യില്‍ വളകളും -
പാദസ്സരവുമണിഞ്ഞു
നെറ്റിയില്‍ ചന്ദനച്ചാര്‍ത്തും ചെറിയൊരു
കറുത്ത പൊട്ടും കുത്തി

പടിപ്പുരയിലെ കാല്‍പ്പെരുമാറ്റം
കര്‍ണ്ണടപുടങ്ങളെ തഴുകി
ജനലഴികളിലൂടാ കൂട്ടത്തില്‍ നി-
ന്നവളാ രൂപം കണ്ടു




കൈകളില്‍ വന്ന ചായകോപ്പ -
കളേന്തി പൂമുഖത്തെത്തി
പതിവുപോലവരില്‍ നിന്ന് ചിലരുടെ
ചോദ്യശ്ശരങ്ങളുമെത്തി

പലതിനും മറുപടി പറഞ്ഞും പിന്നെ -
ചിലതിന് മൗനവും നല്‍കി
എങ്കിലും ഇടക്കണ്ണിട്ടാ പുഞ്ചിരി
മൊത്തവും ഏറ്റ് വാങ്ങി

ഗൃഹനില കാണാന്‍ തമ്മില്‍ ചേര്‍ക്കാന്‍
ആഗതര്‍ വെന്പല്‍ കൂട്ടി
എല്ലാ കണ്ണും ജ്യോത്സ്യരില്‍ ഉടക്കി
അക്ഷമരായി നിന്നു

"പൊരുത്തമില്ല" ജ്യോത്സ്യരോതി
വന്നവരങ്ങ് മടങ്ങി
ചുറ്റിയ ചേലകള്‍ അഴിഞ്ഞ് വീണ്ടും
പെട്ടികള്‍ക്കുള്ളിലൊളിച്ചു

ചോദ്യോത്തരം

ആ കണ്ണുകളില്‍ കാര്‍മേഘങ്ങള്‍ഇരുണ്ട് വന്നതു ഞാന്‍ കണ്ടു
ഇനിയെപ്പോളത് ഉരുകി കണ്ണീര്‍-മഴയാകും എന്നാരറിഞ്ഞു?
ഉച്ചയ്‍ക്കൂണു കഴിക്കുന്നേരംകൂട്ടര് മാറിയിരുന്നവനെ
ഒറ്റയ്‍ക്കാക്കും ചാക്കരിച്ചോറിന്‍ഗന്ധം അവന്റെ പ്രിയ മിത്രം
വര്‍ണ്ണക്കുടകള്‍ ചൂടിയും നല്ലചേലില്‍ കൂട്ടുകാരെത്തുന്പോള്
‍പാവം അമ്മ തുന്നിക്കൊടുത്തചേലയാണവന് അഭിമാനം
റാങ്കുകള്‍ നേടാന്‍ ഇരുപ്പുറപ്പിക്കാന്‍രാത്രികള്‍ പകലുകളാകുന്പോള്
‍അന്നത്തേയ്‍ക്കുള്ളപ്പം തേടിസന്ധ്യകളില്‍ അവനലയുന്നു
ആ കണ്ണുകളില്‍ കാര്‍മേഘങ്ങള്‍ഇരുണ്ട് വന്നതു ഞാന്‍ കണ്ടു
ഇനിയെപ്പോളത് ഉരുകി കണ്ണീര്‍-മഴയാകും എന്നാരറിഞ്ഞു?
അവനെവിടുണ്ടെന്നാരും എന്നോ-ടിപ്പോള്‍ ചോദിച്ചീടേണ്ടാ
അതിനുത്തരം ഒന്ന് തിരഞ്ഞാല്‍ചുറ്റിലും നിങ്ങള്‍ കണ്ടീടും!